ജമ്മു: ഭീകരവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ ദേശീയ അന്വേഷണ ഏജൻസി വ്യാപക റെയ്ഡ് നടത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്.
പൂഞ്ച് അതിർത്തി ജില്ലയിലെ മൊഹല്ല ഖോറിനാർ, ഹരി-സുരൻകോട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. 2024-ൽ ഈ മേഖലയിൽ നിന്ന് പിസ്റ്റളുകളും ഗ്രനേഡുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കേസിൽ പ്രതികളായ അബ്ദുൾ അസീസ്, മുനവർ ഹുസൈൻ എന്നിവർക്കും ഇവരുടെ പാകിസ്ഥാൻ ഹാൻഡ്ലറായ നസീർ ഹുസൈനുമെതിരെ എൻഐഎ കഴിഞ്ഞ വർഷം ഏപ്രിലിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മേഖലയിലെ ഭീകരവാദ ശൃംഖലകളെയും അവർക്ക് ലഭിക്കുന്ന പ്രാദേശിക സഹായങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഈ റെയ്ഡിലൂടെ എൻഐഎ ലക്ഷ്യമിടുന്നത്. പരിശോധനയിൽ നിർണായകമായ രേഖകളോ തെളിവുകളോ ലഭിച്ചിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.